സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾ തിരികെ നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾ തിരികെ നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഹൈക്കോടതി. സമൂഹത്തെ ബാധിക്കുന്ന ഗൗരവ വിഷയമാണിതെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും കോടതി പറഞ്ഞു.

സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന നാൽപ്പതിലേറെ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സൂചിപ്പിച്ചു. ചികിത്സയടക്കം ദൈനംദിന ആവശ്യത്തിനായുള്ള തുകയാണ് തിരികെ കിട്ടാനുള്ളത്. തിരികെ ലഭിക്കുന്നില്ലെങ്കിൽ സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കാൻ ജനങ്ങൾ തയ്യാറാകില്ല.

സഹകരണസ്ഥാപനങ്ങളോടുള്ള വിശ്വാസത്തിൽ ഇടിവുണ്ടാകുമെന്നും കോടതി പറഞ്ഞു. കോടതിയുടെ അഭിപ്രായം അംഗീകരിക്കുന്നുവെന്നും അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ അറിയിച്ചു. സഹകരണമേഖലയെ സംരക്ഷിക്കുമെന്നും ക്രമക്കേട് നടത്തുന്നവരെ വെറുതെ വിടില്ലെന്നും അറിയിച്ചു. സഹകരണ നിയമത്തിലടക്കം ഭേദഗതി കൊണ്ടുവന്നതും ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ വിശദീകരണത്തിന് ഒരാഴ്ച സമയവും ആവശ്യപ്പെട്ടു.

