KOYILANDY DIARY

The Perfect News Portal

ബലിപെരുന്നാൾ ദിനത്തിലും ആഘോഷങ്ങളില്ലാതെ സമരപ്പന്തലിൽ ഹർഷിന

കോഴിക്കോട്: ബലിപെരുന്നാൾ ദിനത്തിലും ആഘോഷങ്ങളില്ലാതെ സമരപ്പന്തലിൽ ഹർഷിന. സമരസഹായസമിതി പ്രവർത്തകർ ഹർഷിനയ്ക്കും കുടുംബത്തിനും കഞ്ഞിവച്ചു നൽകി. ജനിച്ച ശേഷം ആദ്യമായിട്ടാണ് പുതുവസ്ത്രങ്ങളും ഇഷ്ട ഭക്ഷണങ്ങളുമില്ലാതെ ഇങ്ങനെയൊരു പെരുന്നാളെന്ന് ഹർഷിന പറഞ്ഞു. മക്കൾക്ക് പോലും ഒന്നും നൽകാൻ കഴിഞ്ഞില്ല. ഇതു കൊണ്ടെങ്കിലും ആരോഗ്യമന്ത്രിയും സർക്കാരും കണ്ണുതുറക്കണം.

അഞ്ചു വർഷത്തോളം താൻ വയറ്റിൽ ചുമന്ന കത്രികയുടെ അവകാശിയെ കണ്ടെത്തുക, അർഹമായ നഷ്ടപരിഹാരം നൽകുക, കേസിൽ അനാസ്ഥ കാട്ടിയ ഡോക്ടറടക്കമുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരിക തുടങ്ങിയ ആവശ്യങ്ങളുമായാണ് 38 ദിവസമായി മെഡിക്കൽകോളേജ് ആശുപത്രിക്ക് മുമ്പിൽ ഹർഷിന സത്യാഗ്രഹമിരിക്കുന്നത്. കൂടെയുള്ള സമരസഹായസമിതി പ്രവർത്തകരോടെല്ലാം തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ഹർഷിന പറഞ്ഞു.

സമരസഹായസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയാണ് ഹർഷിനയടക്കമുള്ളവർക്ക് കഞ്ഞി വിളമ്പിയത്. ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും പെട്ടെന്ന് സമരത്തിന് പരിഹാരം കാണണമെന്ന് ദിനേശ് പറഞ്ഞു. സമരസമിതി കൺവീനർ മുസ്തഫ പാലാഴി അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് മണക്കടവ്, എം.ടി.സേതുമാധവൻ, എം.വി.അബ്ദുല്ലത്തീഫ്, ഇ.പി.അൻവർ സാദത്ത്, മാത്യു ദേവഗിരി, പി.എം.ദിലീപ് കുമാർ, നാസർ മണക്കടവ്, അൻഷാദ് മണക്കടവ്, പി.കെ.അബ്ദുറഹ്മാൻ, അനില പേരാമ്പ്ര, ആയിഷ കുരുവട്ടൂർ, കെ.ഇ. സാബിറ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements