രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം നിലവിൽ വന്നു; ഇനി രണ്ട് സ്ലാബുകൾ മാത്രം

രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന നികുതി ഘടനയിൽ ഇന്നുമുതൽ അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകൾ മാത്രമേ ഉണ്ടാകൂ. ഇരട്ട സ്ലാബ് ഉത്പന്നങ്ങളുടെ വിലക്കുറവിന് സാധ്യമാകുമെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്താതെയാണ് കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കരണം. അവശ്യവസ്തുക്കൾ, ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ തുടങ്ങി ഭൂരിഭാഗം സാധനങ്ങളും അഞ്ചുശതമാനം സ്ലാബിലാണ്.

നേരത്തെ ഉണ്ടായിരുന്ന പന്ത്രണ്ട് ശതമാനം ഇരുപത്തിയെട്ട് ശതമാനം ജി എസ് ടി സ്ലാബുകള്‍ വെട്ടിക്കുറച്ചാണ് പുതിയ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. 5% 18% എന്നിങ്ങനെ രണ്ട് പ്രധാന സാബുകളിലും പ്രത്യേക വിഭാഗത്തില്‍ 40% സ്ലാബും ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

പുതുക്കിയ സ്ലാബുകളില്‍ നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്ക് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി, ജീവന്‍ രക്ഷ മരുന്നുകള്‍, ഇന്ത്യന്‍ നിര്‍മ്മിത ബ്രഡ് എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്താതെയാണ് പരിഷ്‌ക്കരണം.

പുതിയ സ്ലാബ് കേരളത്തിന് പ്രതിവര്‍ഷം 10,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക് കൂട്ടല്‍. സിമന്റ്, ഓട്ടോമൊബൈല്‍ ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നികുതി കുറവ് എന്നിവ കേരളത്തില്‍ 2,500 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെങ്കിലും ഉത്പ്പന്നങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തെ തടയുന്നിന് കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ല. വ്യാപാര മേഖലയില്‍ പുതിയ സ്റ്റോക്കുകളില്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളൂ.

