അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: അമ്മൂമ്മ അറസ്റ്റിൽ
.
അങ്കമാലി കറുകുറ്റിയിൽ ആറു മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് അമ്മൂമ്മ ഇന്നലെ പൊലീസിനോട് സമ്മതിച്ചിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിലാണ് റോസിലി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലിസ് ഇന്നലെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആണ് നടക്കുന്നത്.

ഇന്നലെ രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ അമ്മ കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.

കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമുദിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് കുട്ടിയുടെ അമ്മൂമ്മയെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്.




