KOYILANDY DIARY

The Perfect News Portal

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സ്കൂളുകൾക്ക്‌ ഗ്രേഡിങ്‌ ഏർപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സ്കൂളുകൾക്ക്‌ ഗ്രേഡിങ്‌ ഏർപ്പെടുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

പഠനമികവ് ഉറപ്പാക്കുന്നതിനൊപ്പം അധ്യാപകർ, എഇഒ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ പ്രകടനം വിലയിരുത്തും. സ്‌കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ എല്ലാ ജില്ലയിലും ഒരു സ്കൂൾ മോഡൽ സ്കൂളാക്കും. സമഗ്രശിക്ഷ കേരളം വഴി നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയിലൂടെ 1500ൽ അധികം പ്രീപ്രൈമറി കേന്ദ്രങ്ങളും ജില്ലകളിൽ നാലുവീതം മോഡൽ പ്രീപ്രൈമറി സ്‌കൂളുകളും നടപ്പാക്കും.

 

സർവീസിൽ പ്രവേശിക്കുന്നവർക്ക്‌ ഒരാഴ്ചത്തെ റെസിഡൻഷ്യൽ പരിശീലനം നിർബന്ധമാക്കും. ആറുമാസത്തിലൊരിക്കൽ തുടർപരിശീലനം ഉറപ്പാക്കും. അധ്യാപകർക്ക്‌ പഠനസഹായിക്കൊപ്പം രക്ഷിതാക്കൾക്ക്‌ പുസ്തകങ്ങൾ നൽകും.  രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ അടുത്ത വർഷം മേയിൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Advertisements