KOYILANDY DIARY

The Perfect News Portal

അരിക്കൊമ്പനുള്ള ജിപിഎസ് നാളെയെത്തും; പ്രശ്‌നക്കാരായ കാട്ടുകൊമ്പൻന്മാരെല്ലാം ഒരുസ്ഥലത്ത്‌

ശാന്തൻപാറ: അരിക്കൊമ്പന്‍ വിഷയത്തില്‍ പേടിയൊഴിയാതെ പ്രദേശവാസികള്‍. ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതത്തെ ബുദ്ധിമുട്ടലാക്കിയ അരിക്കൊമ്പനെ കൂട്ടിലടയ്‍ക്കാനാവില്ലെന്നും എവിടെ വിടാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ബുധനാഴ്‍ച ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കൊമ്പനെ സ്ഥലത്തുനിന്നും മാറ്റുന്നതില്‍ ആശങ്കയായി.
സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ എതിർക്കില്ലെന്നാണ് കോടതി നിലപാട്. ഇതിനിടയില്‍ അരിക്കൊമ്പനായുള്ള ജിപിഎസ് റേഡിയോ കോളര്‍ വെള്ളിയാഴ്‌‍ച എത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അസമില്‍നിന്നാണ് ഇതെത്തിക്കുക. റേഡിയോ കോളര്‍ നല്‍കാന്‍ അസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് ലഭ്യമായശേഷമാണ് മോക് ഡ്രില്‍ അടക്കം ദൗത്യം ആരംഭിക്കുക.
Advertisements
സാറ്റലൈറ്റ് സംവിധാനമുള്ള കോളറിലൂടെ ആനയുടെ സഞ്ചാരപഥം അറിയാനാകും. എന്നാല്‌‍ മോക് ഡ്രില്‍ നടത്താന്‍ അരിക്കൊമ്പനെ കൂടാതെ ചക്കക്കൊമ്പന്‍, മുട്ടവാലന്‍ എന്നീ ആനകളുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്നും വിവരമുണ്ട്. അരിക്കൊമ്പൻ ഇപ്പോഴും ദൗത്യ സ്ഥലത്തിന്റെ അടുത്തുതന്നെയുണ്ട്. വയനാട്ടിൽ നിന്നുള്ള ആർആർടി സംഘവും അധികൃതരും അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരുകയാണ്. പ്രശ്‌നക്കാരായ കാട്ടുകൊമ്പൻന്മാർ എല്ലാം ദൗത്യ സ്ഥലത്തുണ്ട്.