KOYILANDY DIARY.COM

The Perfect News Portal

ഓണറേറിയം വർധിപ്പിക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാട്‌: മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നതിൽ സംസ്ഥാന സർക്കാരിന്‌ അനുഭാവപൂർവമായ സമീപനമെന്ന് മന്ത്രി വീണ ജോർജ്. 2023-24 സാമ്പത്തിക വർഷം കേന്ദ്രം ഒറ്റ രൂപ തരാഞ്ഞിട്ടും ഓണറേറിയം വിതരണം ധനവകുപ്പ്‌ മുടക്കിയിട്ടില്ല. ഓണറേറിയം വർധിപ്പിക്കരുതെന്ന നിലപാട് സർക്കാരിനില്ല. ചർച്ച ചെയ്ത്‌ തീരുമാനിക്കാമെന്നാണ്‌ അഭിപ്രായം. സമരത്തിൽനിന്ന്‌ പിൻവാങ്ങണമെന്നാണ്‌ ചർച്ചയിൽ ആവശ്യപ്പെട്ടതെന്നും മന്ത്രി തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്‌യുസിഐ നേതൃത്വത്തിൽ സമരം ആരംഭിച്ച്‌ നാലാംദിനം എൻഎച്ച്‌എം സ്‌റ്റേറ്റ്‌ മിഷൻ ആശമാരുമായി ചർച്ച നടത്തി. ഫെബ്രുവരി 15ന്‌ നേരിട്ട്‌ ചർച്ച നടത്തി. ബുധനാഴ്ച നടന്നത്‌. രണ്ടാംചർച്ചയാണ്‌. സമരത്തിൽനിന്ന് പിൻവാങ്ങണമെന്നാണ്‌ അഭ്യർത്ഥിച്ചു. ആശമാർക്ക്‌ സംസ്ഥാനം 7000 രൂപഓണറേറിയമാണ്‌ നൽകുന്നത്‌. കേന്ദ്രം നൽകുന്ന 3000 രൂപ ഫിക്സഡ്‌ ഇൻസെന്റീവിൽ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവും നൽകുന്നു. ഓരോ സേവനത്തിനുമുള്ള ഇൻസെന്റീവ്‌ 60: 40 അനുപാതത്തിലാണ്‌. 2006ൽ കേന്ദ്രം തീരുമാനിച്ചതുകയാണ്‌ ഇൻസെന്റീവായി നൽകുന്നത്‌.

ഫെബ്രുവരി ആദ്യവാരം ആശ വർക്കേഴ്‌സ്‌ ഫെഡറേഷൻ നടത്തിയ സമരത്തിന്റെ ഭാഗമായും ചർച്ച നടത്തിയിരുന്നു. തുടർന്ന്‌ ആശമാരുടെ പ്രവർത്തനം സംബന്ധിച്ച വിജ്ഞാപനം പുതുക്കാൻ സാങ്കേതിക സമിതി രൂപീകരിച്ചു. ഇക്കാര്യം എസ്‌യുസിഐ പ്രതിനിധികളോട്‌ പറഞ്ഞെങ്കിലും സമരം തുടർന്നു. സംസ്ഥാനത്തെ 26,125 ആശമാരിൽ 450 പേരാണ്‌ സമരത്തിലുള്ളത്. 13,000 ആശമാർക്ക്‌ ആരോഗ്യ ഇൻഷുറൻസ്‌ ഇല്ലെന്ന്‌ കണ്ട്‌ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒന്നര വർഷമായി ഇതിനായി കേന്ദ്രവുമായി ബന്ധപ്പെടുന്നു.

Advertisements

 

ആശമാർക്ക്‌ മികച്ച ജീവിതം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടിയും എടുക്കുന്നുണ്ട്‌. കേരളത്തിൽ ആശമാർക്ക് അധിക ജോലിയെന്നും തെറ്റായ പ്രചാരണമുണ്ട്‌. ദേശീയ മാനദണ്ഡപ്രകാരമല്ലാത്ത ജോലി ആശമാർ ചെയ്യുന്നില്ല. സന്നദ്ധപ്രവർത്തകരെന്ന നിലയിൽനിന്ന്‌ ഒഴിവാക്കി ആശമാരെ ജീവനക്കാരായി അംഗീകരിക്കണമെന്നും മാനദണ്ഡത്തിൽ മാറ്റം വരുത്തണമന്നും ആവശ്യപ്പെട്ട്‌ ഈയാഴ്ചകേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ഇൻസെന്റീവ്‌ വർധനയും ആവശ്യപ്പെടുമെന്നും വീണ പറഞ്ഞു.

 

Share news