KOYILANDY DIARY.COM

The Perfect News Portal

സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാ മാർ​ഗങ്ങളും സ്വീകരിക്കും: മന്ത്രി കെ രാജൻ

തൃശൂർ: സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ എല്ലാ വഴികളിലൂടെയും പോകുക എന്നതാണ്‌ സർക്കാർ ലക്ഷ്യമെന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആവശ്യമെങ്കിൽ നിയമയും ചട്ടവും മാറ്റി എഴുതുമെന്നും കരുതലും കൈത്താങ്ങും തൃശൂർ താലൂക്ക്‌തല പരാതി പരിഹാര അദാലത്ത്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവെ മന്ത്രി പറഞ്ഞു. അദാലത്തിലെത്തുന്ന ഭൂരിഭാഗം പരാതികളും അദാലത്തിൽതന്നെ പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലാ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ സംസ്ഥാന സർക്കാർ ക്യാബിനറ്റ് തീരുമാനത്തിലൂടെ പരിഹരിക്കും. മറ്റ് ചിലത്‌ വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കും. ആവശ്യമെങ്കിൽ നിയമസഭകൂടിയും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഓഫീസ് പ്രവർത്തനങ്ങളെല്ലാം ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്‌. ഇപ്പോൾ വില്ലേജ്‌, പഞ്ചായത്ത്‌, കോർപ്പറേഷൻ തുടങ്ങിയ ഓഫീസുകളിൽ പൊതുജനങ്ങൾ പരാതി കൊടുക്കുമ്പോൾ ആ പരാതി സ്‌കാൻ ചെയ്‌ത്‌ പരാതി ഓൺലൈനിലാക്കി സെക്രട്ടേറിയേറ്റിലുള്ള ഉദ്യോഗസ്ഥർക്ക്‌ വരെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും കാണാൻ കഴിയുന്ന വിധത്തിലാക്കി വേഗത്തിൽ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

 

തൃശൂർ ടൗൺ ഹാളിൽ നടത്തിയ പരിപാടിയിൽ സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, അതിന്റെ ഗതിവേഗം പകരുന്ന ഒരു നടപടികൂടിയായി അദാലത്തുകൾ മാറുമെന്ന്‌ മന്ത്രി അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.

Advertisements

 

അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ആറുവയസുകാരൻ അമ്പാടിക്ക് ലയൺസ് ക്ലബ്ബ് നൽകിയ വീൽചെയർ ഇരു മന്ത്രിമാരും ചേർന്ന് കൈമാറി. വേദിയിൽ വെച്ച് 20 പട്ടയങ്ങളും വിതരണം ചെയ്തു. പി ബാലചന്ദ്രൻ എംഎൽഎ, തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ഡെ. മേയർ എം എൽ റോസി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് രവീന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി മേനോൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Share news