KOYILANDY DIARY.COM

The Perfect News Portal

അച്ഛൻ കൊലപ്പെടുത്തിയ ഗോപികയ്ക്ക് ഉന്നത വിജയം, ഒൻപത് എ പ്ലസും ഒരു എ യും

അച്ഛൻ കൊലപ്പെടുത്തിയ ഗോപികയ്ക്ക് ഉന്നത വിജയം, ഒൻപത് എ പ്ലസും ഒരു എ യും.  കൂട്ടുകാർക്കും അധ്യാപകർക്കും നാട്ടുകാർക്കും നൊമ്പരമായി ഗോപികയുടെ എസ്.എസ്.എൽ.സി. ഫലം. 720 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ ടി.എസ്.ജി.വി.എച്ച്.എസ്.എസിലെ ഫലം വന്നപ്പോൾ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസൾട്ടായിരുന്നു. ഉന്നത വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും ആ വിജയം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം വേദനാജനകമായി.
പരീക്ഷ കഴിഞ്ഞതിൻ്റെ അടുത്ത ദിവസമാണ് ഗോപികയെയും സഹോദരി ജ്യോതികയെയും അച്ഛൻ കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞ് അവധി ആഘോഷത്തിനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദാരുണമായ കൊലപാതകം. കഴിഞ്ഞ മാർച്ച് മാസം 28 നാണ് പയ്യോളിയിൽ പെൺമക്കളായ പത്താം ക്ലാസ്സുകാരി ഗോപികയെയും അഞ്ചാം ക്ലാസ്സുകാരി ജോതികയെയും കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തത്.
കോഴിക്കോട് പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ്  റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. സുമേഷിന്റെ ഭാര്യ 4 വർഷം മുന്നേ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
അച്ഛൻ സുരേഷിന്റെ  മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ നിന്ന് ആദ്യം കണ്ടെത്തിയത്. ആ വിവരം വീട്ടിലറിയിക്കാൻ എത്തിയപ്പോഴാണ് വീടിനകത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. വിദേശത്തായിരുന്ന സുരേഷ് ഭാര്യയുടെ മരണശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി ആർക്കും അറിയില്ലായിരുന്നു. ഗോപികയും ജ്യോതികയും പഠനത്തിൽ മാത്രമല്ല കലാ സാഹിത്യരംഗത്തും നല്ല കഴിവ് തെളിയിച്ച കുട്ടികളായിരുന്നു. ഗോപിക പയ്യോളി ഹൈസ്കൂളിലെ 10ാം ക്ലാസിലും ജ്യോതിക അയ്യപ്പൻകാവ് യു പി സ്കൂളിലും പഠിക്കുന്നവരായിരുന്നു. ഗോപികയെയോർത്ത് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും വിതുമ്പുകയാണ്.
Share news