തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; ആറ് പേർ കസ്റ്റഡിയിൽ

തൃശൂരില്‍ പോലീസിനെ ഗുണ്ടകള്‍ ആക്രമിച്ചു. മണ്ണുത്തി നല്ലങ്കരയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജോ, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച പുലർച്ചയോടെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. നെല്ലങ്കര വൈലോപ്പള്ളിയിലെ ഒരു വീട്ടിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പ്രദേശത്ത് പൊലീസ് എത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന ലഹരി പാർട്ടിയിൽ ബഹളം ഉണ്ടായതിനെ തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇത് നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പതിനഞ്ച് പേരുടെ സംഘമാണ് പൊലീസിനെ ആക്രമിച്ചത് എന്നാണ് വിവരം. സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് അൽത്താഫ്, അൽ അഹ്ദിൻ, ഇവിൻ ആന്റണി, ബ്രഹ്മജിത്ത്, ആഷ്വിൻ ആന്റണി, ഷാർബൽ എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

