സ്വർണവില കുറഞ്ഞു; പവന് 1,18,560 രൂപ
.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയും പവന് 1,440 രൂപ കുറഞ്ഞ് 1,18,560 രൂപയുമായി. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് സ്വർണവിലയിൽ കാര്യമായ മാറ്റം വന്നത്. യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വർധിച്ചത്. എന്നാൽ, പിന്നീട് ഈ വിലയിൽനിന്ന് തിരിച്ചിറങ്ങുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും വില കുറയാന്‍ കാരണം. എങ്കിലും സ്വര്‍ണവില ഒരു ലക്ഷത്തിൽ നിന്നും താഴെയെത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണവിലയിലെ നിലവിലെ ഇടിവ് ആഭരണ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വർണവില കുറഞ്ഞത് നേട്ടമാക്കാൻ അഡ്വാൻസ് ബുക്കിങ്ങിനായി ഉപഭോക്താക്കൾ തിരികെ ജ്വല്ലറികളിൽ എത്തി തുടങ്ങിയിട്ടുണ്ട്. വില ദിനംപ്രതി വർധിക്കാൻ തുടങ്ങിയതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ ജ്വല്ലറികളിൽ എത്താത്ത സാഹചര്യമുണ്ടായിരുന്നു. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ സ്വർണം സ്വന്തമാക്കാൻ കാത്തിരിക്കുന്നവരുമുണ്ട്.




