മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങൾ കാണാനില്ല
.
കോഴിക്കോട് മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാണിക്ക വെച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് കണ്ടെത്തി. നാല് സ്വര്‍ണാഭരണവും 10 വെള്ളി ആഭരണങ്ങളും കുറവുള്ളതായാണ് കണ്ടെത്തിയത്. മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ നേരിട്ടെത്തി മുന്‍ ഭരണസമിതി ചെയര്‍മാനെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. 33 സ്വര്‍ണ ചന്ദ്രകലയില്‍ 31 എണ്ണവും 10 സ്വര്‍ണ താലിയില്‍ എട്ടെണ്ണവുമാണ് കണ്ടെത്താനായത്. വെള്ളി ആഭരണങ്ങളില്‍ മൂന്ന് ആള്‍രൂപവും ഏഴ് ചന്ദ്രകലയുമാണ് കുറവ് കണ്ടെത്തിയത്. കൂടാതെ കണക്കില്‍ പെടാത്ത ചെമ്പ് ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ കാണാതായ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തിരിച്ചേല്പിക്കാന്‍ മുന്‍ ഭരണസമിതി ചെയര്‍മാന് നോട്ടീസ് നല്‍കും. വിശദീകരണമോ ആഭരണങ്ങള്‍ തിരിച്ചേല്പിക്കുകയോ ചെയ്തില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.

സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ക്ഷേത്രത്തിലെ മുന്‍ ഭരണ സമിതിയെ പിരിച്ചുവിട്ടിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡ് എക്‌സിക്യു്ട്ടീവ് ഓഫീസര്‍ മുരളീധരന്‍ ചാര്‍ജ് എടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം നാട്ടുകാരുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ നാലാം തീയതി എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം, വെള്ളി ആഭരണത്തിന്റെ കുറവ് കണ്ടെത്തിയത്.



