കണ്ണിലെ ‘കെട്ടഴിച്ച്’ നീതിദേവത; പ്രതിഷേധവുമായി സുപ്രീംകോടതി ബാർ അസോസിയേഷൻ

കണ്ണിലെ ‘കെട്ടഴിച്ച്’ നീതിദേവത. പ്രതിഷേധവുമായി സുപ്രീംകോടതി ബാർ അസോസിയേഷൻ. ഇതുസംബന്ധിച്ച പ്രമേയവും സുപ്രീംകോടതി ബാർ അസോസിയേഷൻ പാസാക്കിയിട്ടുണ്ട്. ബാർ അസോസിയേഷൻ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തതെന്നും പ്രമേയത്തിൽ പറഞ്ഞു.

സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതയുടെ രൂപത്തിലാണ് മാറ്റങ്ങൾ വരുത്തിയത്. കണ്ണുമൂടിക്കെട്ടി, ഒരു കൈയിൽ ത്രാസും മറുകൈയിൽ വാളുമായി നിൽക്കുന്ന നീതിദേവതയാണ് കണ്ണിലെ ‘കെട്ടഴിച്ചത്’. എല്ലാം കാണുന്ന പുതിയ നീതിദേവതക്ക് വാളിന് പകരം കൈയിൽ ഭരണഘടനയാണ് നൽകിയിരിക്കുന്നത്. കണ്ണുകൾ നഗ്നമാക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാൾ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നൽകുന്നത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നിർദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇല്ലാതാക്കാനായാണ് പുതിയ പരിഷ്കരണമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വൃത്തങ്ങൾ പറയുന്നു.

