സെക്സ് റാക്കറ്റിൽ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസിൽ അഭയം തേടിയ സംഭവം; പ്രതി പിടിയിൽ

കോഴിക്കോട് സെക്സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ കേസിൽ ആസാം സ്വദേശിയായ പ്രതി പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച പ്രതിയെ ഒഡീഷയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ജോലി വാഗ്ദാനം നല്‍കി കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റ് കെണിയില്‍ പെടുത്തി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ കേസിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആസാം സ്വദേശിയായ പ്രതിയെ ഒഡീഷയില്‍ നിന്നാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ പെൺകുട്ടികൾ ലോഡ്ജിൽ ഉണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. മൂന്ന് മാസം മുമ്പാണ് പെൺകുട്ടിയെ കോഴിക്കോട് എത്തിച്ചത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് ജോലി വാഗ്ദാനം നൽകി പെൺകുട്ടിയെ കോഴിക്കോട് എത്തിച്ചത്. മാസം 15000 രൂപ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം. എന്നാൽ റെയിൽവേ സ്റ്റേഷൻ സമീപത്തെ വാടക കെട്ടിടത്തിലെ മുറിയിൽ പൂട്ടിയിട്ടെന്ന് പെൺകുട്ടി മൊഴി നൽകി. ഈ വീട്ടിൽ മറ്റ് യുവതികൾ ഉണ്ടായിരുന്നവെന്നും ദിവസവും നിരവധി പുരുഷന്മാർ മുറിയിൽ വന്നിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം യുവാവ് മുറിയുടെ പൂട്ട് തുറന്ന് ഫോണുമായി പുറത്തുപോയ സമയം പെൺകുട്ടി രക്ഷപ്പെട്ട് പുറത്തിറങ്ങി. വഴിയെ വന്ന ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

