കേരളത്തിലേക്ക് 9,000 കോടി രൂപയുടെ ജര്‍മ്മന്‍ നിക്ഷേപം, ധാരണാപത്രം ഒപ്പുവെച്ചു
കേരളത്തിലേക്കു കോടികളുടെ നിക്ഷേപവുമായി ജര്‍മ്മനി. ജർമ്മനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്മയായ ‘നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി’ (NXTGN) കേരളത്തിൽ 9,000 കോടി രൂപയുടെ (ഒരു ബില്യൺ യൂറോ) നിക്ഷേപം നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഇന്ന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഒപ്പുവെച്ചു. സംസ്ഥാനത്ത് 300 പുതിയ ‘ഡീപ് ടെക്’ (Deep Tech) സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ഈ പദ്ധതി സഹായകമാകും.

ആറാഴ്ച മുമ്പ് ജര്‍മ്മനിയില്‍ നിന്ന് 27 നിക്ഷേപകരുടെ ഒരു സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് 9000 കോടിയുടെ നിക്ഷേപം എത്തുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. അതിനൂതനമായ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഡീപ് ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

തൊഴിൽ മന്ത്രിയും ധനകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ആ ചർച്ചകളുടെ തുടർച്ചയായാണ് ഇപ്പോൾ വൻ നിക്ഷേപം കേരളത്തിലേക്ക് എത്തുന്നത്.

നൈപുണ്യ പരിശീലനം എല്ലാവരിലേക്കും എത്തിക്കാനും അതുവഴി നാട്ടിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യത്തിനുള്ള അംഗീകാരമാണിതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നൂതന സാങ്കേതികവിദ്യയിലൂന്നിയ ഡീപ് ടെക് കമ്പനികൾ വരുന്നതോടെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് തൊഴിലിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ, സ്വന്തം നാട്ടിൽ തന്നെ മികച്ച അവസരങ്ങൾ ലഭിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു




