KOYILANDY DIARY.COM

The Perfect News Portal

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്‌: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവ് പിടികൂടി. താമ്പരം മംഗലാപുരം ട്രെയിനിൽ ജനറൽ കോച്ചിൽ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 15 കിലോയിൽ അധികം വരുന്ന കഞ്ചാവാണ് ഷൊർണൂർ റെയിൽവേ പൊലീസ് കണ്ടെടുത്തത്.

തിങ്കളാഴ്ച പകൽ 1.30 ഓടെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ തീവണ്ടിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ഥിരമായി ട്രെയിനുകളിലൂടെ ലഹരി ഉൽപ്പന്നങ്ങൾ വൻതോതിൽ കടത്തിക്കൊണ്ടുപോകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഷൊർണൂർ റെയിൽവേ പൊലീസ് നടത്തുന്ന പതിവ്‌ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞമാസം 50 കിലോയിൽ അധികം കഞ്ചാവ് ഷൊർണൂർ റെയിൽവേ പൊലീസ്‌ കണ്ടെത്തിയിരുന്നു.

പരിശോധനയുണ്ടെന്ന്‌  മനസിലായാൽ പ്രതികൾ ബാഗുകൾ ഉപേക്ഷിച്ച് കടന്നു കളയുകയാണ് പതിവ്. ഇത് പ്രതികളിലേക്ക് എത്തിച്ചേരാൻ പൊലീസിനെ കുഴപ്പിക്കുകയാണ്. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി റെയിൽവേ പൊലീസ്  അറിയിച്ചു. എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisements
Share news