പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ഗുണ്ടാ നേതാവ് പിടിയിൽ
.
കൊല്ലം പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു. സജീവിനെ ആണ് പത്തനാപുരം പോലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്.

പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സജീവിനെ സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പത്തനാപുരം സി ഐ ബിജു ആർ, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഒരു സപ്താഹ പരിപാടിക്കിടെ തന്റെ അൽസേഷ്യൻ നായയുമായി എത്തിയ സജി അവിടെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പരാതി അന്വേഷിക്കാനായി സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് പിന്നീട് ആക്രമണം ഉണ്ടായത്. സജി തന്റെ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പോലീസ് ജീപ്പ് ഇടിച്ചു തകർക്കുകയായിരുന്നു. ഈ പ്രകോപനപരമായ ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.




