KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

പാലക്കാട്: പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. 53,000 രൂപ കുടിശ്ശികയുള്ളതാണ് ഫ്യൂസ് ഊരാനുള്ള കാരണമായി കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. ഇന്ന് ക്ലാസ്സ് നടന്നു കൊണ്ടിരിക്കെ ആയിരുന്നു കെ.എസ്.ഇ.ബി.യുടെ നടപടി. ഇതോടെ കുട്ടികളുടെ പഠനം ഇരുട്ടിലായി. മഴക്കാലമായതിനാൽ പുറത്തു നിന്നുള്ള വെളിച്ചവും കുറവാണ്.
3,000 ത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കുടിവെള്ളം പമ്പ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. മഴക്കാലത്ത് കൂടുതൽ തവണ കുട്ടികൾക്ക് ടോയ്ലറ്റിൽ പോകേണ്ട സാഹചര്യം ഉള്ളപ്പോൾ തീരെ വെള്ളമില്ലാത്ത അവസ്ഥ വളരെ ശോചനീയമാണ്. ഇരുട്ടിൽ ഇരുന്നു പഠിക്കുക മാത്രമല്ല ദുർഗന്ധം കൂടി സഹിക്കേണ്ട അവസ്ഥ കൂടിയാണ് ഇപ്പോൾ കുട്ടികൾക്കുള്ളത്. ഫ്യൂസ് ഇപ്പോഴും ഊരിയ നിലയിൽ തന്നെയാണ്.
ജില്ലാ പഞ്ചായത്തിൻ്റെ കീഴിലാണ് അഗളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നത്. മുന്നറിയിപ്പ് നല്കിയിട്ടും വൈദ്യുതി കുടിശ്ശിക അടക്കാത്തതു കൊണ്ടാണ് ഫ്യൂസ് ഊരിയതെന്നാണ് അഗളി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഉത്തരവാദപ്പെട്ടവർ അടിയന്തിരമായി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലെങ്കിൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
Share news