KOYILANDY DIARY.COM

The Perfect News Portal

സേവനം മെച്ചപ്പെടുത്തുന്നതിന് തദ്ദേശ വകുപ്പിൽ കൂടുതൽ പരിഷ്കാരങ്ങൾ; മന്ത്രി എം ബി രാജേഷ്

ആലപ്പുഴ: ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. ചട്ടങ്ങളിലെ അവ്യക്തത പരിഹരിച്ച് വ്യക്തത വരുത്തലാണ് ഈ ഭേദഗതികൾകൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് സേവനം നിഷേധിക്കുന്ന തരത്തിൽ ചട്ടങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം നൽകാൻ ഇതോടെ സാധിക്കും.

അദാലത്തുകൾ അതിനുള്ള വേദികളാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വ്യക്തിഗത പരാതികളിൽ തീർപ്പുണ്ടാക്കുന്നത് മാത്രമല്ല, തീർപ്പാക്കുന്നത് പലതും പൊതു തീരുമാനങ്ങളിലേക്ക് നയിക്കുമെന്നതാണ് അദാലത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു.

 

പിഎംഎവൈ ഗുണഭോക്താക്കൾക്ക് ദേശീയപാതയുടെ ആക്സസ് പെർമിഷൻ ഇല്ലാത്തതുകൊണ്ട് ബിൽഡിങ് പെർമിറ്റ് നിഷേധിച്ചുകൂടാ എന്ന തീരുമാനം തിരുവനന്തപുരം അദാലത്തിൽ എടുത്തു. കേന്ദ്രസർക്കാരാണ് ഇതിലുള്ള തീരുമാനം എടുക്കേണ്ടത്. സംസ്ഥാനം ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്തിമതീരുമാനമാകുന്നത് വരെ പെർമിറ്റ് നിക്ഷേധിക്കരുത് എന്ന് താത്കാലിക തീരുമാനം അദാലത്തിലൂടെ കൈകൊണ്ടുവെന്നും മന്ത്രി പറഞ്ഞു.

Advertisements

കഴിഞ്ഞ നാല് അദാലത്തിലും 85- 90 ശതമാനം പരാതികളും പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. തിരുവനന്തപുരത്ത് ലഭിച്ച 1285 പരാതികളിൽ 1141 പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. 89 ശതമാനമാണ് അനുകൂല തീരുമാനം. ഈ അദാലത്തോടുകൂടി കുടിശ്ശികയായുള്ള മുഴുവൻ പരാതികളും പരിഹരിക്കുകയും ഇനിയൊരു അദാലത്ത് നടത്തേണ്ടതില്ലാത്ത വിധം കാര്യക്ഷമമായി പരാതികൾ അപ്പപ്പോൾ തീർപ്പാക്കി പോകുകയും ചെയ്യുന്ന സംവിധാനം കാര്യക്ഷമമാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

ജനനം മുതൽ മരണംവരെ ജനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ഥാപനങ്ങളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ. 2022- 24 ഓഗസ്റ്റ് വരെ ഐഎൽജിഎംഎസ് സംവിധാനം വഴി പഞ്ചായത്തുകളിൽ മാത്രം കൈകാര്യം ചെയ്തത് 1.88 കോടി ഫയലുകളാണ്. അതിൻ 93.5 ശതമാനം പരിഹരിച്ചു. 6.5 ശതമാനത്തിന്റെ കുടിശികയാണുള്ളത്, ഏതാണ്ട് 10 ലക്ഷത്തോളം. കഴിഞ്ഞ ഒരു വർഷത്തെ കേസ് കൈകാര്യം ചെയ്ത ഫയലുകൾ 18 ലക്ഷത്തിലധികമാണ്. 76 ശതമാനം തീർപ്പാക്കി.

ഈ പരാതികൾ തീർപ്പാക്കുന്നതിനാണ് താലൂക്ക്, ജില്ലാ, സംസ്ഥാന സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചത്. താലൂക്ക് തലത്തിൽ പത്ത് ദിവസം കൂടുമ്പോൾ സ്ഥിരം അദാലത്ത് നടക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ തീർക്കാത്ത പരാതികൾ സ്ഥിരം അദാലത്ത് സംവിധാനത്തിലൂടെ തീർപ്പാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരാണ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ. എന്നാൽ, ജനവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എച്ച് സലാം, ദലീമ ജോജോ, യു പ്രതിഭ, തോമസ് കെ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേശ്വരി, ജില്ല കളക്ടർ അലക്‌സ് വർഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാബശിവ റാവു, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്‌സൺസ് വൈസ് പ്രസിഡന്റ് ഷെർളി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി പി സംഗീത, അർബൻ അഫേഴ്സ് വകുപ്പ് ഡയറക്ടർ സൂരജ് ഷാജി, കൗൺസിലർ കെ ബാബു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Share news