ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

പാലക്കാട്: ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന് പ്രചരണം നടത്തി ഓൺലൈനായി മണി ചെയിൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്‌റ്റിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻദാസാണ് (35) അറസ്‌റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് രണ്ട് ആഢംബര കാറുകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പണം ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു.

ബമെറ്റഫോഴ്സ് എന്ന ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ഇവർ അയച്ചുകൊടുക്കുന്ന ലിങ്കുപയോഗിച്ച് ഓൺലൈൻ ട്രേഡിങ്ങിന് എന്ന പേരിൽ അപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കും. നിക്ഷേപിക്കുന്ന പണമുപയോഗിച്ച് വാങ്ങുന്ന കറൻസി മെറ്റാഫോഴ്സ് എന്ന കമ്പനിയുടെ മൊബൈൽ അപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതോടെ മണി ചെയിനിലെ മുകൾ നിരയിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തും.

തുടർന്ന് നിക്ഷേപകനോട് മറ്റുള്ളവരെ പദ്ധതിയിൽ ചേർത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കും. കൂടുതൽപേരെ പദ്ധതിയിൽ ചേർത്താലേ നിക്ഷേപകന് നിക്ഷേപിച്ച തുകയും ലാഭവും ലഭിക്കുകയുള്ളൂ എന്നാണ് വ്യവസ്ഥ. ഈ ഘട്ടത്തിലാണ് നിക്ഷേപകന് ഇത് മണി ചെയിൻ ആണെന്ന് മനസിലാകുന്നത്. ഒരുലക്ഷം മുതൽ 20 ലക്ഷം വരെ തുക നഷ്ടപ്പെട്ടവരുണ്ട്.

