KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്: മലയാളി ദമ്പതികള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ ബംഗളൂരു പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ സുബീഷ് പി. വാസു(31), ശില്‍പ ബാബു(27) എന്നിവരാണ് പിടിയിലായത്.

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ വ്യവസായി കെ. ആര്‍. കമലേഷില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടിയെന്ന് കന്നട മാധ്യമം ‘ഉദയവാണി’ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ വച്ച് പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഇവരെ പിന്നീട് ബംഗളൂരുവില്‍നിന്ന് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.

വിദേശമദ്യം ഇറക്കുമതി ചെയ്യുന്ന പുതിയ സംരംഭം തുടങ്ങുന്നുവെന്നു പറഞ്ഞായിരുന്നു ഹൈദരാബാദ് സ്വദേശിയെ ഇവര്‍ സമീപിച്ചത്. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എല്‍എല്‍പി എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചായിരുന്നു വലയൊരുക്കിയത്.

Advertisements

മദ്യം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന ബിസിനസാണ് ഇവര്‍ ഹൈദരാബാദ് വ്യവസായിക്കുമുന്നില്‍ അവതരിപ്പിച്ചത്. ഇതില്‍ വന്‍ ലാഭമുണ്ടാകുമെന്നു പറഞ്ഞായിരുന്നു ലക്ഷങ്ങള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 65 ലക്ഷം രൂപ കമലേഷ് വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാല്‍, ഏറെ നാളായിട്ടും വാഗ്ദാനം നല്‍കിയ സംരംഭം ആരംഭിക്കാത്തതിനാല്‍ ഇദ്ദേഹം പണം തിരികെ ചോദിച്ചു. പ്രതികള്‍ പണം മടക്കിക്കൊടുത്തില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share news