ഫ്രാൻസ് ഒറ്റഗോൾ ജയവുമായി ക്വാർട്ടറിലേക്ക് മുന്നേറി

ദുസെൽഡോർഫ്: ഒരിക്കൽക്കൂടി പിഴവു ഗോൾ ഫ്രാൻസിനെ രക്ഷിച്ചു. യൂറോ പ്രീ ക്വാർട്ടറിൽ ബൽജിയത്തിനെതിരെ വിയർത്തുനീങ്ങിയ ഫ്രാൻസ് ഒറ്റഗോൾ ജയവുമായി ക്വാർട്ടറിലേക്ക് മുന്നേറി. കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ബൽജിയം പ്രതിരോധക്കാരൻ യാൻ വെർടോൻഗൻ്റെ പിഴവുഗോളിലാണ് ഫ്രാൻസിന് ജീവൻ കിട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയോട് പിഴവുഗോളിൽ രക്ഷപ്പെട്ട ഫ്രാൻസിന് ശേഷിച്ച രണ്ടുകളിയിലും സമനിലയായിരുന്നു ഫലം. പ്രീ ക്വാർട്ടറിൽ ബൽജിയത്തിനെതിരെയും കളി വ്യത്യസ്‌തമായിരുന്നില്ല.

ഫ്രാൻസ് നാലു കളിയിൽ മൂന്ന് ഗോളാണ് സ്വന്തം പേരിലാക്കിയത്. അതിൽ രണ്ടും പിഴവുഗോൾ. ഒന്ന് പെനൽറ്റിയും. കിലിയൻ എംബാപ്പെയും ഒൺടോയ്ൻ ഗ്രീസ്‌മാനും അണിനിരന്നിട്ടും അർഥപൂർണമായ ഒരു നീക്കവും ഫ്രാൻസിൽനിന്നുണ്ടായില്ല. അവസാന ഘട്ടത്തിലായിരുന്നു കളിക്ക് ചൂടുപിടിച്ചത്. ബൽജിയത്തിന് തുടർച്ചയായ രണ്ട് അവസരങ്ങൾ കിട്ടി. രണ്ടുതവണയും ഗോൾകീപ്പർ മയ്ഗനൻ മംഗാല ഫ്രാൻസിന്റെ രക്ഷകനായി.

ഫ്രാൻസ് ഗോൾമുഖത്തുനിന്ന് ലുക്കാക്കുവിന് പന്ത് നഷ്ടപ്പെട്ടതായിരുന്നു തുടക്കം. ആ പന്തുമായി എൻഗോളോ കാൻ്റെ കുതിച്ചു. ബൽജിയം ബോക്‌സിന് പുറത്തുവച്ച് സഹതാരങ്ങൾ ഒത്തുകൂടി. എംബാപ്പെയും അഡ്രിയെൻ റാബിയട്ടും പന്ത് നീക്കി. പിന്നെ ഗ്രീസ്മാനിലേക്ക്. ഗ്രീസ്മാൻ ജൂലസ് കൗണ്ടെയ്ക്ക്. ഈ പ്രതിരോധക്കാരൻ പിന്നിൽ കാന്റെയെ കണ്ടു. മുന്നേറിനിൽക്കുകയായിരുന്ന കൗളോ മുവാനിയിലേക്ക് കാൻ്റെ പന്തൊഴുക്കി. മുവാനി കുതിച്ചു. വലതുവശത്തുനിന്ന് തകർപ്പൻ ഷോട്ട്. ബൽജിയത്തിന് അവിടെ പിഴച്ചു. പ്രതിരോധിക്കാൻനിന്ന വെർടോൻഗന്റെ കാലിൽത്തട്ടി പന്ത് വലയിൽ പതിച്ചു. കസ്‌റ്റിൽസിനും ഒന്നും ചെയ്യാനായില്ല.ബൽജിയം കണ്ണീരോടെ മടങ്ങി.
