വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നാല് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നാല് പേർ പിടിയിൽ. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കളൻതോട് ഫ്രണ്ട്സ് ചിക്കൻകടയുടെ സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി അബു തലാഹ് (34), ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുടിൽതോട് വെച്ച് വെസ്റ്റ് തൊണ്ടയാട് നെല്ലൂളി ബിനേഷ് (24), കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ പാളയം ബസ്സ് സ്റ്റാന്റെ് പരിസരത്ത് വെച്ച് കാസർഗോഡ് വിവേകാനന്ദാ നഗറിൽ ബിജു (39), വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാർബറിൽ വെച്ച് കല്ലായി ചക്കുംകടവ് സ്വദേശി പറമ്പിൽ വീട്ടിൽ അമൽ (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സിറ്റിയിൽ ഇന്നലെ പോലീസിന്റെ വലയിലായത് നിരവധി മയക്കുമരുന്ന് വിൽപ്പനക്കാരും ഉപഭോക്താക്കളുമാണ്. കോഴിക്കോട് സിറ്റിയിലെ കുന്ദമംഗലം, ചേവായൂർ, കസബ, വെള്ളയിൽ എന്നി സ്റ്റേഷനുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം 4 പേരാണ് പോലീസിന്റെ പിടിയിലായത്. കൂടാതെ കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനിലുകളിലായി 27 പേരെയും കസ്റ്റഡിയിൽ എടുത്തു.

മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.
