ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം
.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലകപാളി കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ബൈജു ഇന്ന് തന്നെ ജയില്‍ മോചിതനാകും. കേസില്‍ ഏഴാമതായി ജയില്‍ മോചിതനാകുന്ന ആളാണ് ബൈജു.

ദ്വാരപാലകപാളി കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്ന് ചൂണ്ടിക്കാണിച്ച് കെ എസ് ബൈജു കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിലെ വാദം കേട്ട കൊല്ലം വിജിലന്‍സ് കോടതി വിധി പറയല്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് കെ എസ് ബൈജുവിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്. കട്ടിളപ്പാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ദ്വാരപാലക കേസില്‍ പ്രതിയായിരുന്നതിനാല്‍ ജയില്‍ മോചിതനായിരുന്നില്ല.

തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡണ്ട് പത്മകുമാറിനും കട്ടിളപ്പാളി കേസില്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ദ്വാരപാലകപാളി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരുകയാണ്. ദ്വാരപാലകപാളി കേസില്‍ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഈ ആഴ്ച്ച 90 ദിവസം തികയും.




