മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭീകരരോട് ഏറ്റുമുട്ടിയ മുന്‍ എന്‍എസ്ജി കമാന്‍ഡോ 200 കിലോ കഞ്ചാവുമായി പിടിയില്‍

മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭീകരരോട് ഏറ്റുമുട്ടിയ മുന്‍ എന്‍എസ്ജി കമാന്‍ഡോ 200 കിലോ കഞ്ചാവുമായി അറസ്റ്റില്‍. മുന്‍ എന്‍എസ്ജി കമാന്‍ഡോ ബജ്രംഗ് സിങ് ആണ് പിടിയിലായത്. രാജസ്ഥാനിലാണ് ഇയാള്‍ പിടിയിലായത്. രാജസ്ഥാന് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും ലഹരി വിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത ഓപ്പറേഷനില്‍ ആണ് ബജ്രംഗ് സിങ് പിടിയിലായത്. സേനയില്‍നിന്ന് 2021ല്‍ വിരമിച്ച ശേഷം ബജ്രംഗ് സിങ് രാഷ്ട്രീയത്തിലിറങ്ങിയിരുന്നു.

രാജസ്ഥാന്, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേരുകളുള്ള വന്‍ ലഹരി ശൃംഖലയുടെ തലവനാണ് ബജ്രംഗ് സിങ് എന്നാണ് റിപ്പോര്‍ട്ട്. ബജ്രംഗ് സിങ്ങിന് എതിരെ ഒഡീഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും കഞ്ചാവ് രാജസ്ഥാനിലേക്ക് കടത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ചുനാളുകളായി ബജ്രംഗ് സിങ് രാജസ്ഥാന് പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലായിരുന്നു.

