KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ എം സുധാകരൻ (91) അന്തരിച്ചു

എറണാകുളം: മുതിർന്ന സിപിഐഎം നേതാവ് കെ എം സുധാകരൻ (91) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നാണ് അന്ത്യം. സിപിഐ(എം) മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന ട്രഷററുമാണ്. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി എന്ന ആശയം കെ എം എസിന്റെ സംഭാവനയാണ്. മൂത്തകുന്നം മടപ്ലാതുരുത്ത് വീട്ടിൽ മാമു–കോതക്കുട്ടി ദമ്പതികളുടെ നാലാമത്തെ മകനായി 1935ലാണ് കെഎംഎസിന്റെ ജനനം. അഞ്ചാംവയസ്സിൽ നായരമ്പലത്തേക്ക് താമസംമാറി. ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി.

1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ ഇദ്ദേഹം നായരമ്പലത്തെ ആദ്യ പാര്‍ടി സെല്‍ സെക്രട്ടറിയായി. 1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കൂടാതെ കെഎസ്​കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും നിർവഹിച്ചു.

1954ലെ ട്രാൻസ്പോർട്ട് സമരം നടക്കുമ്പോൾ 18 വസായിരുന്നു കെഎംഎസിന്റെ പ്രായം. വൈപ്പിനിൽ ബസ്​ തടഞ്ഞ സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാൾ ഇദ്ദേഹമായിരുന്നു. അന്ന് കടുത്ത പൊലീസ് മർദ്ദനത്തിനും അദ്ദേഹം ഇരയായി. 1970ലെ കുടികിടപ്പുസമരത്തില്‍ തന്റെ ഭൂമിയില്‍ കൊടികുത്തിയും തേങ്ങവെട്ടിയിട്ടുമാണ് അദ്ദേഹം അവകാശസമരം വിജയിപ്പിച്ചത്.

Advertisements

1993ലെ 110 ദിവസം നീണ്ട ചെത്തുത്തൊഴിലാളി പണിമുടക്കും സുധാകരന്റെ വിപ്സലവജീവിതത്തിലെ തിളങ്ങുന്ന ഏടാണ്. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍തടവിൽ കഴിഞ്ഞിരുന്നു. പരോളില്‍ എത്തിയാണ് അമ്മയുടെ സംസ്കാരത്തിലടക്കം അദ്ദേഹം പങ്കെടുത്തത്.

പരേതയായ ജെ പ്രഭാവതിയാണ് ഭാര്യ. ഇവർ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: കെ എസ് ജയശ്രീ, ജയൻ, ജയരാജ്, ജെയ്സി. മീര, സ്വപ്ന, ദിലീപ്, പരേതനായ അനിൽ എന്നിവരാണ്​ മരുമക്കൾ.​

Share news