KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുക്കാൻ വനംവകുപ്പ്

പാലക്കാട്‌: സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുക്കാൻ വനംവകുപ്പ്. അരിക്കൊമ്പനും ചക്കക്കൊമ്പനുമിറങ്ങുന്ന കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ കണക്കെടുക്കാൻ വനം വന്യജീവി വകുപ്പ്‌. സംസ്ഥാനത്ത്‌ 17 മുതൽ 19 വരെയാണ്‌ കണക്കെടുപ്പ്‌. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുക്കും.
സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കുന്നതിനാലാണ്‌ ഒന്നിച്ച്‌ കണക്കെടുക്കുന്നത്‌. 2017ലാണ്‌ ഏറ്റവുമൊടുവിൽ കണക്കെടുത്തത്‌. സംസ്ഥാനത്ത്‌ പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട്‌ ആന സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണ്‌ കണക്കെടുപ്പ്‌. മൂന്ന്‌ ദിവസങ്ങളിലായി മൂന്ന്‌ രീതിയിലാണ്‌ പരിശീലനം ലഭിച്ച വനംവകുപ്പിലെ വിദഗ്‌ധസംഘത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന. 17ന്‌ ബ്ലോക്ക്‌ തിരിച്ച്‌ കാട്ടാനകളെ നേരിട്ട്‌ കണ്ട്‌ കണക്കെടുക്കും. 18ന്‌ ആനപ്പിണ്ടം പരിശോധിച്ചാണ്‌ കണക്കെടുപ്പ്‌. 19ന്‌ ജലസ്രോതസുകളിൽ ആനകളുടെ കാൽപ്പാടുകൾ പരിശോധിക്കും. ഭൂപടം ഉപയോഗിച്ചുള്ള പരിശോധനയിൽ വിവരം ആപ്പിൽ രേഖപ്പെടുത്തും. കൊമ്പനാന, പിടിയാന, മോഴ, ഒറ്റയാൻ, കൂട്ടം, കുട്ടികൾ, മുതിർന്ന ആന എന്നിവയുടെ വിവരം രേഖപ്പെടുത്തും. വിവരങ്ങൾ ക്രോഡീകരിച്ച്‌ ജൂലൈയിൽ ആനകളുടെ കണക്ക്‌ പുറത്തുവിടും.
Advertisements
2017ൽ 5706 കാട്ടാനകൾ
2017ലെ കണക്കെടുപ്പിൽ കേരളത്തിൽ 5706 കാട്ടാനകളുണ്ട്‌. ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കാണിത്‌. 2012ൽ 6,172 ആയിരുന്നു. ബ്ലോക്കുകളിൽ നേരിട്ട്‌ കണ്ടുള്ള കണക്കെടുപ്പിൽ 3,322 ആണ്‌. 2012ൽ ഇത്‌ 2,735 ഉും. ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കിൽ പെരിയാർ സങ്കേതത്തിൽ 1,603, ആനമുടിയിൽ 1,369, വയനാട്‌ 1,211, നിലമ്പൂരിൽ 710 എന്നിങ്ങനെ ആനകളുണ്ട്‌.
അതിർത്തികൾ കടന്ന്‌ ആനകൾ സഞ്ചരിക്കുന്നതിനാൽ ദേശീയ കണക്കെടുപ്പിൽ വ്യത്യാസമുണ്ടാകാം. കാട്ടാനകളുടെ സംരക്ഷണവും നിലയും എണ്ണവും കേരളത്തിൽ നല്ലനിലയിലാണെന്ന്‌ സർവേ റിപ്പോർട്ട്‌ പറയുന്നു. കൊമ്പനാനകളെ കൊല്ലുന്നത്‌ കുറഞ്ഞു. കൊമ്പന്റെയും പിടിയാനയുടെയും എണ്ണം കൂടുന്നുണ്ട്‌. ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനാണ്‌ സംസ്ഥാനത്ത്‌ കണക്കെടുപ്പിന്‌ മേൽനോട്ടം വഹിക്കുക. അഡീഷണൽ പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ (ഭരണം) നോഡൽ ഓഫീസറാണ്‌. പെരിയാർ, പറമ്പിക്കുളം കടുവ സങ്കേതത്തിലെ ഫീൽഡ്‌ ഡയറക്‌ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.