KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടരുന്നു; 11 ക്യാമറകൾ സ്ഥാപിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ യുവാവിനെ ആക്രമിച്ചുകൊന്ന കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടരുന്നു. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാണ് തിരച്ചില്‍. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്.

കടുവയെ പിടികൂടാനുള്ള ഉത്തരവ് ഞായറാഴ്ച ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വെച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്. മൂന്നു സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍ കനത്ത പോലീസ് സംരക്ഷണത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

എട്ടുവര്‍ഷത്തിനിടെ ഏഴുപേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം രണ്ട് മനുഷ്യ ജീവനുകള്‍ കടുവയെടുത്തു. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ അവസാനമായി കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍ വില്‍പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements
Share news