ഒരു കിലോ കഞ്ചാവും കഞ്ചാവു ചെടികളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

അരീക്കോട്: വില്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടക വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നാഗോൺ സ്വദേശി മുഹമ്മദ് ഹനീഫ (32) ആണ് പിടിയിലായത്. അരീക്കോട് കാവനൂരിലെ വാടക വീട്ടിൽ നിന്നാണ് ഒരു കിലോയിൽ അധികം കഞ്ചാവും ബക്കറ്റിൽ വളർത്തിയ നിലയിൽ കാണപ്പെട്ട കഞ്ചാവു ചെടികളുമായി ഇയാളെ പിടികൂടിയത്.

രണ്ട് മാസം മുൻപ് കഞ്ചാവ് വില്പന നടത്തുന്നതിനിടെ അരീക്കോട് വച്ച് ഇയാളെ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ് എന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥ് ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ് , അരീക്കോട് ഇൻസ്പക്ടർ സിജിത്ത്, സബ് ഇൻസ്പക്ടർ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

