വിദേശജോലി തട്ടിപ്പ്; കാർത്തിക പ്രദീപിന്റെ സുഹൃത്തിലേക്കും അന്വേഷണം

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപിന്റെ സുഹൃത്തിലേക്കും അന്വേഷണം നീളുന്നു. സ്ഥാപനത്തിൽ ഇയാൾക്ക് പങ്കാളിത്തമുള്ളതായും പൊലീസ് സംശയിക്കുന്നു. പാലക്കാട് സ്വദേശിയായ ഇയാൾ വിദേശത്താണ്. നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

കാർത്തിക പ്രദീപിന്റെ സഹോദരിക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ജോലി കിട്ടാത്തതിനാൽ തുക തിരികെ ചോദിച്ചവരെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഒരുകോടിയിലേറെ രൂപ കാർത്തിക തട്ടിയെടുത്തിട്ടുണ്ട്. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് സെൻട്രൽ പൊലീസ്.

യുകെയിൽ സോഷ്യൽ വർക്കറായി ജോലി നൽകാമെന്ന് പറഞ്ഞ് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കാർത്തിക അറസ്റ്റിലായത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.

