KOYILANDY DIARY

The Perfect News Portal

ഫുട്ബോളർ ടി. കെ. ചാത്തുണ്ണി (80) അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബോളറും സുപ്രസിദ്ധ കോച്ചുമായിരുന്ന ടി. കെ. ചാത്തുണ്ണി അന്തരിച്ചു. 80 വയസ്സായിരുന്നു. ശക്തനും ബുദ്ധിമാനുമായ ഒരു ഡിഫണ്ടർ ആയിരുന്നെങ്കിലും മത്സരത്തിന്റെ സ്വാഭാവമനുസരിച്ച് തന്റെ ടീമിനെ വിജയത്തിലെത്തിക്കുന്നതിന് ഒരേ സമയം ഡിഫണ്ടറിലും ആക്രമണ നിരയിലും കളിച്ച കളിക്കാരനായിരുന്നു ചാത്തുണ്ണി.

അദ്ധേഹം ഫുട്ബാൾ ജീവിതം ആരംഭിക്കുന്നത് ഇ.എം. ഇ സെന്റർ സെക്കന്ദരബാദ് ടീമിലൂടെയായിരുന്നു. കേരളത്തിനും, ഗോവക്കും, സർവീസസ്സിനും സന്തോഷ്‌ ട്രോഫി ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. 1977 മുതൽ നാഷണൽ ഫുട്ബോൾ ലീഗ് ടൂർണമെന്റുകളിൽ FC കൊച്ചിൻ, ഗോവയിലെ ഡെമ്പോ സോക്കർ ക്ലബ്‌, സൽഗോക്കർ FC, ചർച്ചിൽ ബ്രദർസ് സോക്കർ ക്ലബ്‌ , ചിരാഗ് യുണൈറ്റഡ് ക്ലബ്‌, കൽക്കത്തയിലെ  മോഹൻ ബഗാൻ FC, ജോസ്കോ FC എന്നീ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചിരുന്നു. ഇന്ന് കാലത്ത് 7.45ന് കാരക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഫുട്ബോളിൽ ഇന്ത്യയുടെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ. എം. വിജയൻ, ജോപോൾ അഞ്ചേരി തുടങ്ങിയ കളിക്കാരെ ഫുട്ബോളിന്റെ ബാലപാടങ്ങൾ പഠിപ്പിച്ച് ഉയരങ്ങളിൽ എത്തിച്ചതും ചാത്തുണ്ണി എന്ന ഈ കോച്ചായിരുന്നു എന്നതും സ്മരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും ഇന്ത്യൻ ഫുട്ബോളിനും ഒരു തീരാ നഷ്ടം തന്നെയാണ്. 

Advertisements