പ്രളയം: അസമിൽ 26 ലക്ഷത്തോളം ജനങ്ങൾ ദുരിതത്തിൽ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് അസമില്‍ 30 ജില്ലകളിലായി 26 ലക്ഷം ആളുകള്‍ ദുരിതത്തിലായി. ആയിരങ്ങളാണ് ദുരിദാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ബ്രഹ്മപുത്രയടക്കം പല നദികളിലും ജലനിരപ്പ് ഇപ്പോഴും ഉയരുന്നു. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘങ്ങളെ സംസ്ഥാനത്തേക്ക് അയച്ചു. ഹിമാചല്‍, അരുണാചല്‍, യുപി എന്നിവിടങ്ങളിലും മഴക്കെടുതികള്‍ തുടരുകയാണ്. രാജസ്ഥാനിലെ ടോങ്കിലും പ്രളയ സമാന സാഹചര്യമാണ്.

ഉത്തരാഖണ്ഡില്‍ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ദേശീയ – സംസ്ഥാന പാതകളില്‍ പലയിടത്തും കൂറ്റന്‍ പാറക്കല്ലുകള്‍ വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബംഗാള്‍, സിക്കിം, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചല്‍ പ്രദേശില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മഴയുള്ള സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

