KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 2 ആരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും 3 ആരോഗ്യ സ്ഥാപനങ്ങള്‍ 3 വര്‍ഷത്തിന് ശേഷം വീണ്ടും അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്ത് ആകെ 253 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 8 ജില്ലാ ആശുപത്രികള്‍, 6 താലൂക്ക് ആശുപത്രികള്‍, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 163 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 17 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

തിരുവനന്തപുരം കുന്നത്തുകാല്‍ കുടുംബാരോഗ്യകേന്ദ്രം (94.42 ശതമാനം), മലപ്പുറം ആനക്കയം ജനകീയ ആരോഗ്യ കേന്ദ്രം (88.35 ശതമാനം) എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം (90.60 ശതമാനം), കൊല്ലം മുണ്ടക്കല്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം (93.25 ശതമാനം), കൊല്ലം ഉളിയക്കോവില്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം (95.36 ശതമാനം) എന്നിവയാണ് മാനദണ്ഡങ്ങള്‍ പ്രകാരം ഗുണനിലവാരം ഉറപ്പാക്കി വീണ്ടും അംഗീകാരം നേടിയെടുത്തത്.

 

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. ഇത് കര്‍ശനമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് വീണ്ടും അംഗീകാരം ലഭിക്കുക. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍/ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

Advertisements
Share news