കോരപ്പുഴയിലെ പാലനിർമ്മാണ വേസ്റ്റ് പൂർണ്ണമായും നീക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു
കൊയിലാണ്ടി: കോരപ്പുഴയിലെ പാല നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിലേക്ക് തള്ളിയ ടൺ കണക്കിന് ബിൽഡിംഗ് വെയ്സ്റ്റുകൾ എടുത്ത് മാറ്റുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും വളരെ കുറഞ്ഞ അളവിൽ ജെസിബി ഉപയോഗിച്ച് മാറ്റുന്നുള്ളൂ. വലിയ തോതിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഇപ്പോഴും ബാക്കിയാവുകയും പുഴയുടെ ഒഴുക്കിനെ ബാധിക്കുന്ന രീതിയിൽ തന്നെയാണുള്ളത്. പുഴയിൽ നിന്നും അവശിഷ്ടങ്ങൾ പൂർണമായും മാറ്റണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി. യു) ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇപ്പോൾ നടത്തിയ എടുത്തു മാറ്റൽ നേരത്തെ പുഴയ്ക്ക് ഉണ്ടായ ഒഴുക്കും ആഴവും തിരികെ വരുന്ന രീതിയിലല്ല. വെറും കാട്ടിക്കൂട്ടലായി പ്രവൃത്തി മാറ്റരുതെന്ന് യൂണിയൻ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ റിപ്പോർട്ടിംഗ് നടത്തി. ഹരിദാസൻ, ചോയിക്കുട്ടി എന്നിവർ സംസാരിച്ചു.
