ഇറാനിൽ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക്

കൊച്ചി: ഇറാനിൽ തൊഴിൽ പീഡനത്തിൽനിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് മടങ്ങും. കൊച്ചിയിലെത്തിയ ആറ് മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യലിനുശേഷം സീപോർട്ട് എമിഗ്രേഷൻ ഓഫീസിൽ ഹാജരാക്കി. ഇന്ത്യൻ പൗരരാണെന്ന രേഖകൾ സമർപ്പിച്ചതിനെത്തുടർന്ന് ഇവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ അനുമതി നൽകുകയായിരുന്നു.

നിത്യതായലൻ, മറിയ ഡെനിൽ, മുനിശ്വരൻ, കവിസ് കുമാർ, അരുൺ തായലൻ, രാജേന്ദ്രൻ എന്നിവരാണ് ഇറാനിൽനിന്ന് രക്ഷപ്പെട്ടത്. സ്‌പോൺസർവഴിയാണ് ഇറാൻ ബോട്ടിൽ ജോലിക്ക് കയറിയത്. എന്നാൽ, വാഗ്‌ദാനം ചെയ്‌ത കൂലിയോ ഭക്ഷണമോ താമസസൗകര്യമോ കിട്ടിയില്ല. ഏപ്രിൽ 22നാണ് ജോലിചെയ്യുന്ന ബോട്ടിൽ ഇവർ രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കൊയിലാണ്ടി തീരത്തിനുസമീപം കണ്ട ഇറാനിയൻ ബോട്ടിനെ കടലിൽവെച്ച് തീരസംരക്ഷണസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ തീരസംരക്ഷണസേന ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പങ്കുവെച്ചിരുന്നു. തുടർനടപടികൾക്കായാണ് തൊഴിലാളികളെ കൊച്ചിയിൽ എത്തിച്ചത്. കോസ്‌റ്റ് ഗാർഡ്, നേവി, കോസ്‌റ്റൽ പൊലീസ് ഉൾപ്പെടെ ഇവരെ ചോദ്യം ചെയ്‌തു. ചതിക്കപ്പെട്ടത് ഇവർ വിവരിച്ചു. ആധാർ ഉൾപ്പെടെയുള്ള രേഖകളും ഇറാൻ ബോട്ടിന്റെ രജിസ്‌ട്രേഷൻ കോപ്പിയും തൊഴിലാളികൾ ഉദ്യോഗസ്ഥർക്ക് നൽകി. ഇന്ത്യൻ പൗരരെന്ന് ഉദ്യോഗസ്ഥസംഘം ഉറപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും തൊഴിലാളിസംഘടനാ പ്രതിനിധികളും കൊച്ചിയിൽ എത്തിയിരുന്നു. ബോട്ട് ചൊവ്വാഴ്‌ച ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കും.

