ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ദില്ലിയിൽ എത്തും
ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ദില്ലിയിൽ എത്തും. ആദ്യഘട്ടത്തിൽ 300 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക എന്നാണ് വിവരം. തിരിച്ചെത്തുന്നവരിൽ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇറാനിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. വരും ദിവസങ്ങളിലും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള തുടർനടപടികൾ തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

അതേസമയം ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. എംബിബിഎസ് വിദ്യാർത്ഥികളാണ് ഇറാനിൽ പെട്ടുപോയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അടിയന്തരശ്രദ്ധ വേണമെന്നറിയിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കേന്ദ്ര കേരള ഗവൺമെൻ്റുകൾക്ക് കത്തയച്ചു. ഇമെയിൽ മുഖാന്തരമാണ് കത്തയച്ചത്.

വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക എന്നാണ് ആവശ്യം. വിദ്യാർത്ഥികൾക്ക് സംരക്ഷണം, സുരക്ഷിതമായ ഗതാഗതം, അടിയന്തര സഹായം എന്നിവ നൽകുന്നതിന് ഇന്ത്യാ ഗവൺമെന്റ്, വിദേശകാര്യ മന്ത്രാലയം, കേരള ഗവൺമെന്റ്, നോർക്ക, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി എന്നിവ തമ്മിൽ അടുത്ത ഏകോപനം ഉറപ്പാക്കുക.വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസവും ഭാവി കരിയറും ശാശ്വതമാക്കുക. എന്നിവയും കത്തിൽ പറയുന്നു.




