ടാറ്റ നഗര്‍-എറണാകുളം എക്‌സ്‌പ്രസിൽ തീപിടുത്തം; ഒരാൾ മരിച്ചു
.
ടാറ്റാ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരം എന്നയാളാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള യലാമന്‍ചില്ലിയില്‍ വെച്ചാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

ട്രെയിനിലെ രണ്ട് കോച്ചുകളിലാണ് തീപടർന്നത്. കോച്ച് നമ്പര്‍ ബി1, എം2 എന്നീ കോച്ചുകളിലാണ് തീപിടുത്തമുണ്ടായതെന്ന് ദക്ഷിണ-മധ്യ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഒരു കോച്ചിൽ തീ പടരുന്നത് കണ്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തിച്ച് മിക്ക യാത്രക്കാരെയും വേഗത്തിൽ ഒഴിപ്പിച്ചെങ്കിലും ഒരാൾക്ക് ജീവൻ നഷ്ടമായി. പൂർണമായും കത്തിനശിച്ച കോച്ചിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.

ബി1 കോച്ചിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണ് വിവരം. തീപിടുത്തം ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുകയും രണ്ട് യൂണിറ്റ് അഗ്നിശമന സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ തീയണക്കുകയും ചെയ്‌തു. മറ്റ് കോച്ചുകളിലേക്ക് തീപടരുന്നത് തടയാനായതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടിച്ച ഒരു ബോഗിയില്‍ 82 യാത്രക്കാരും മറ്റൊന്നില്‍ 76 യാത്രക്കാരും ആണ് ഉണ്ടായിരുന്നത്. അതേസമയം അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




