ദ്വാരകയിലെ പാര്‍പ്പിട സമുച്ചയത്തിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു

ദില്ലി ദ്വാരകയിലെ പാര്‍പ്പിട സമുച്ചയത്തിലെ തീപിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. 35 കാരനായ യാഷ് യാദവും രണ്ട് കുട്ടികളുമാണ് മരിച്ചത്. തീപിടിത്തം ഉണ്ടായതോടെ ഒമ്പതാം നിലയുടെ മുകളിൽ നിന്നും താഴേക്ക് യാദവും കുടുംബവും രക്ഷപ്പെടാനായി ചാടുകയായിരുന്നു. യാദവിന്റെ ഭാര്യയും ഇളയ കുട്ടിയും മാത്രമാണ് രക്ഷപ്പെട്ടത്.

പത്തു വയസ്സുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും ആണ് മരിച്ചത്. തീപിടിത്ത കാരണം വ്യക്തമല്ല. ദില്ലിയിൽ ചൂട് 45 ഡിഗ്രിയോട് അടുത്തതോടെ തീപിടുത്ത സാധ്യത ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എട്ട് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്. ഫ്ലാറ്റിലെ എല്ലാ താമസക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും കെട്ടിടത്തിലേക്കുള്ള വൈദ്യുതി, പി.എൻ.ജി. (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) ബന്ധങ്ങൾ വിച്ഛേദിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

