KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സെന്റ് പാട്രിക്സ് പള്ളിയിൽ തീ പിടിത്തം: വികാരിയുടെ കാറും രേഖകളും കത്തിനശിച്ചു

.

നഗരത്തിലെ പുഷ്പ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്സ് പള്ളിയിൽ പുലർച്ചെയുണ്ടായ തീ പിടിത്തത്തിൽ വൻ നാശനഷ്ടം. പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

 

പുലർച്ചെ 4:45-ഓടെയാണ് പള്ളിയിൽ തീ പടർന്നത്. നാല് യൂണിറ്റ് അ​ഗ്നിരക്ഷാ സേന എത്തി നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലമാണ് പള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു അജ്ഞാതൻ കെട്ടിടത്തിന് മുകളിലൂടെ നടന്നുപോകുന്നത് ദൃശ്യമാണ്. ചില നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു.

Advertisements

 

തീ പിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും ഇതിലെ ദുരൂഹത എത്രയും വേഗം നീക്കണമെന്നും കോഴിക്കോട് അതിരൂപത വികാരി ജനറൽ ജൻസൺ പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ചെമ്മങ്ങാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Share news