വാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം; കപ്പൽ മുങ്ങിത്താഴാന്‍ സാധ്യതയെന്ന് വിദഗ്ധർ

കൊച്ചി: വാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴ്ഭാഗത്തെ അറയിലാണ് തീപിടിത്തം ഉണ്ടായത്. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ഡിജി ഷിപ്പിംഗ്. അങ്ങനെയുണ്ടെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കാനും കപ്പല്‍ മുങ്ങിത്താഴാനുമുള്ള സാധ്യതയുമുണ്ട്. അഡ്വാന്റിസ് വിർഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള രാസമിശ്രിതം 12,000 ലിറ്ററോളം ഇതിനകം ഉപയോഗിച്ചു. 3000 ലിറ്ററോളം ബാക്കിയുണ്ട്.

കൂടുതൽ രാസമിശ്രിതം സിംഗപ്പൂരിൽനിന്ന് എത്തിക്കാൻ ശ്രമിക്കുകയാണ്. കപ്പലിലെ 243 കണ്ടെയ്നറുകളിൽ വെളിപ്പെടുത്താത്ത, തീപിടുത്ത സാധ്യതയുള്ള വസ്തുക്കൾ ഉള്ളതായി ഡയറക്ടറേറ് ജനറൽ ഓഫ് ഷിപ്പിങ് കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം വസ്തുക്കൾ വന്നത് കപ്പൽക്കമ്പനിയുടെ അറിവോടെയല്ലെന്നാണ് സൂചന. നിലവില്‍ ഇന്ത്യന്‍ സമുദ്രാതിർത്തിക് പുറത്താണ് കപ്പല്‍ ഉള്ളത്.

