KOYILANDY DIARY.COM

The Perfect News Portal

രാമനാട്ടുകര വസ്ത്രവ്യാപാര കേന്ദ്രത്തിൽ തീപിടുത്തം: വൻ നാശനഷ്ടം

രാമനാട്ടുകര: നഗരമധ്യത്തിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. മൂന്നുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. എയർപോർട്ട് റോഡ് ജങ്ഷനിലെ “വൈറ്റ് സിൽക്സ്’ വസ്ത്രവ്യാപാര സമുച്ചയത്തിലാണ്‌ തീപിടിത്തമുണ്ടായത്‌. താഴത്തെ നില പൂർണമായും കത്തിനശിച്ചു. ചേലേമ്പ്ര പെരിങ്ങോട്ടൂർ സ്വദേശി തായഞ്ചേരി മുഹമ്മദ് കുട്ടി മാനേജിങ് പാർട്ണറായുള്ള കൂട്ടുസംരംഭമാണിത്.
ഞായർ അവധിയായതിനാൽ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. രാവിലെ 10.30ന്‌ സ്ഥാപനത്തിനുള്ളിൽ പുക പുറത്തേക്ക് പ്രവഹിച്ചു. സമീപത്തെ പഴക്കടക്കാരും നാട്ടുകാരും ചേർന്ന്‌ പരിശോധിച്ചപ്പോൾ സ്ഥാപനത്തിനുള്ളിൽ തീ കത്തുന്നതായി കണ്ടെത്തി. ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മുൻവശത്തെ ഷട്ടറും കൂറ്റൻ കണ്ണാടിയും പൊളിച്ച്‌ അകത്ത്‌ കടന്നപ്പോൾ താഴത്തെ നില പൂർണമായും കത്തിയമർന്ന നിലയിലാണ്‌ കണ്ടത്‌. പുക നിറഞ്ഞതിനാൽ തീയണയ്‌ക്കലും ദുഷ്കരമായി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മീഞ്ചന്തയിൽനിന്ന്‌ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന്‌, കഠിന പ്രയത്നത്തിലൂടെയാണ്‌ തീയണച്ചത്‌.
സമയോചിതമുള്ള ഇടപെടലിൽ മുകളിലത്തെ നിലയിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരുന്നത്‌ ഒഴിവാക്കാനായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന്‌ കരുതുന്നു. ബലിപെരുന്നാളിന് മുന്നോടിയായി സ്ഥാപനത്തിൽ വൻ വസ്ത്രശേഖരം എത്തിയിരുന്നു. താഴത്തെ നിലയിൽ സൂക്ഷിച്ച ഇവയെല്ലാം കത്തിനശിച്ചു. ഫറോക്ക് ഡിവിഷൻ അസി.‌ കമീഷണർ എ എം സിദ്ദീഖ്, ഇൻസ്പെക്ടർ പി എസ് ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെയും അഗ്നിരക്ഷാസേനയിലെയും ഉന്നത ഉദ്യോഗസ്ഥർ പരിശോധനക്കെത്തും.

 

Share news