KOYILANDY DIARY.COM

The Perfect News Portal

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഷോർണൂർ: സിനിമ സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. അന്ത്യം ഷൊർണൂരിലെ ആശുപത്രിയിൽ. അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയാണ് അന്ത്യം. 200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകനടനും ചലച്ചിത്രതാരവുമായ ഗണേഷാണ് മീനയുടെ ഭർത്താവ്.  

   

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 25ൽ അധികം ടെലിവിഷൻ പരമ്പരകളിലും നിരവധി നാടകങ്ങളിലും മീന വേഷമിട്ടു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെ സ്കൂൾ പഠനകാലത്ത് നാടകരം​ഗത്തെത്തി. 1971ലാണ് പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുന്നത്.

 

കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെറുതുരുത്തി ശാന്തിതീരം സ്മശാനത്തിൽ നടക്കും.

Advertisements

 

Share news