KOYILANDY DIARY.COM

The Perfect News Portal

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾക്ക് അമ്പതാണ്ട്

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾക്ക് അമ്പതാണ്ട്. പൗരസ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തിയ അര്‍ധ-ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ 21 മാസങ്ങള്‍. അടിയന്തരാവസ്ഥ-വിരുദ്ധ ദിനത്തിന്‍റെ പശ്ചാത്തലത്തില്‍ ആ ഭീകരകാലം ഞെട്ടലോടെ ഓര്‍ക്കുകയാണ് രാജ്യം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം. ജനാധിപത്യത്തിൻറെ പൊരുളുകളെ അധികാരത്തിന്റെ ഹുങ്കാൽ തേച്ചു മാച്ചു കളഞ്ഞ 21 മാസത്തെ ചരിത്രം അടയാളപ്പെടുത്തിയത് ഇങ്ങനെയാണ്. 1971ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വ്യാപക തിരിമറി കാട്ടി. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയായി കണ്ടെത്തി. റായ്ബറേലിയിൽ ഇന്ദിരയുടെ പ്രധാന എതിർ സ്ഥാനാർത്ഥിയായിരുന്ന രാജ് നാരായണൻ നൽകിയ ഹർജി സ്വീകരിച്ച അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു.

1975 ജൂൺ 12ലെ വിധി പ്രഖ്യാപനത്തിൽ ആറുവർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കുകയും ചെയ്തു. ഇന്ദിരയ്ക്കെതിരെ രാജ്യത്ത് പ്രക്ഷോഭം അലയടിച്ചു. പ്രതിഷേധത്തെ അടിച്ചൊതുക്കാൻ രാഷ്ട്രപതി ഫക്രുദീൻ അലിയോട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആഹ്വാനം ചെയ്തു. 1975 ജൂൺ 25ന് ഭരണഘടന വകുപ്പ് 352 പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ. സമാനതകളില്ലാത്ത ക്രൂരതയാണ് പിന്നീട് രാജ്യം കണ്ടത്. പ്രതിപക്ഷനിരയിലെ എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്തി. നാവടക്കൂ പണിയെടുക്കൂ എന്ന അധികാരവാക്യത്തിൽ രാജ്യത്തെ നിശ്ചലാവസ്ഥയിൽ പിടിച്ചുനിർത്തി.

Advertisements

കേരളത്തിലും വലിയ അക്രമങ്ങളാണ് നടമാടിയത്. പൊലീസിന്‍റെ തേര്‍വാ‍ഴ്ച്ചയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നുവന്നു. പ്രക്ഷോഭങ്ങളില്‍ മുന്‍നിരയില്‍ നിന്ന മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റുകാര്‍ക്ക് കനത്ത പീഢനം നേരിടേണ്ടിവന്നു. കേട്ടു കേൾവി ഇല്ലാത്ത പീഡനങ്ങളും മർദ്ദനമുറകളെയും അതിജീവിച്ച് പുതിയൊരു ചരിത്രം തന്നെ പ്രക്ഷോഭകർ രചിച്ചു. ഒടുവില്‍ 21 മാസങ്ങള്‍ നീണ്ട ഇരുണ്ട രാഷ്ട്രീയത്തിന് 1977 മാര്‍ച്ചില്‍ വിരാമമായി. ഇന്ദിരയ്ക്ക് അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നു. ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസിനും രാജ്യത്ത് വലിയ തോല്‍വിയും നേരിടേണ്ടിവന്നു. ഏതു ഏകാധിപതിയെയും എങ്ങനെയാണ് കാലം പുറന്തള്ളിയിട്ടുള്ളത് എന്ന് ഈ അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിൽ നാം ഓർക്കേണ്ടതാണ്.

Share news