KOYILANDY DIARY.COM

The Perfect News Portal

ലഹരി വ്യാപനത്തിനെതിരെ സിനിമാ സെറ്റുകളിൽ ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് ഫെഫ്ക

ലഹരി വ്യാപനത്തിനെതിരെ സിനിമാ സെറ്റുകളിൽ ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് ഫെഫ്ക. സിനിമാ മേഖലയിലെ സ്വയം ശുദ്ധീകരണമാണ് കൂട്ടായ തീരുമാനത്തിലൂടെ സംഘടന ലക്ഷ്യമിടുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സംഘടനയുടെ തീരുമാനത്തെ സംസ്ഥാന എക്സൈസ് കമ്മീഷണറും സ്വാഗതം ചെയ്തു. 

ഏഴ് അംഗങ്ങൾ വീതം ഓരോ സെറ്റിലെയും ജാഗ്രതാ സമിതിയിൽ ഉണ്ടാകുമെന്നും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും ഉൾപ്പെടുന്നതാകും സമിതിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിൽ നടന്ന ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി വാർഷിക ചടങ്ങിൽ വെച്ചാണ് ജാഗ്രതാ സമിതിയുടെ പ്രഖ്യാപനം നടന്നത്. സംസ്ഥാന എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.

 

ലഹരിക്കെതിരെ പോലീസും എക്സൈസും തീവ്ര പോരാട്ടം നടത്തുന്ന ഘട്ടത്തിൽ ഇത്തരമൊരു തീരുമാനമെടുത്ത ഫെഫ്ക ഭാരവാഹികളെ അഭിനന്ദിക്കുന്നതായി എക്സൈസ് കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ഫെഫ്ക സ്റ്റിയറിങ് കമ്മറ്റി യോഗമാണ് ഈ നിർണായക തീരുമാനം എടുത്തത്. ലൊക്കേഷനിലെ പരിശോധനകൾ തീരുമാനിക്കേണ്ടത് എക്സൈസും പോലീസും ആണെന്നും പരിശോധനകളോട് പൂർണമായി സഹകരിക്കുമെന്നും ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കി. 

Advertisements

 

Share news