KOYILANDY DIARY.COM

The Perfect News Portal

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവ്

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവ്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷാ വിധി പറഞ്ഞത്. ക്വാറന്‍റീനിൽ കഴിയുകയായിരുന്ന മകളെയാണ് പീഡിപ്പിച്ചത്. വിദേശത്ത് നിന്ന് അവധിക്ക് എത്തിയപ്പോഴായിരുന്നു പിതാവ് പീഡിപ്പിച്ചത്. ആദ്യം ബന്ധുവായ 15 കാരൻ പീഡിപ്പിച്ചു എന്നായിരുന്നു കുട്ടിയുടെ മൊഴി.

എന്നാൽ കൗൺസിലിംഗ് നടത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിച്ച കാര്യം കുട്ടി പുറത്ത് പറഞ്ഞത്. തടവിനൊപ്പം 15 ലക്ഷം രൂപ പിഴയും അടക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷാണ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പിൽ 47 വർഷം തടവുമാണ് ശിക്ഷ. 2019 മുതൽ ഇയാൾ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പ്രതി പറയിപ്പിക്കുകയും ചെയ്തു. എന്നാൽ, വിശദമായുള്ള അന്വേഷണത്തിൽ പിതാവാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.

 

റിമാന്‍റിലായിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് മുങ്ങിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. ഇയാൾ കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോൾ പോലീസ് അറസ്റ്റു ചെയ്ത ഹാജരാക്കുകയായിരുന്നു. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന സത്യനാഥനാണു കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോള്‍ ജോസ് ഹാജരായി.

Advertisements

 

Share news