KOYILANDY DIARY.COM

The Perfect News Portal

തരിശുരഹിത നാടിനായി കർഷകർ ഇറങ്ങുന്നു

കോഴിക്കോട്‌: തരിശുരഹിത നാടിനായി കർഷകർ ഇറങ്ങുന്നു. കോഴിക്കോട് ജില്ലയിലെ തരിശുഭൂമിയിൽ പൊന്ന്‌ വിളയിക്കാൻ കർഷകർ കൈകോർക്കുന്നു. വർഷങ്ങളായി കാട്‌ പിടിച്ചും പുല്ലു നിറഞ്ഞും കിടക്കുന്ന ഭൂമി കണ്ടെത്തി കർഷക കൂട്ടായ്‌മയിൽ കൃഷി ഇറക്കി ‘തരിശുരഹിത കോഴിക്കോടാ’യി മാറ്റുകയാണ്‌ ലക്ഷ്യം. കർഷകസംഘം നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ഉദ്യമത്തിന്‌ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ തുടക്കമാവും. 
കർഷകസംഘത്തിൻറെ ഓരോ ഏരിയകളിലും പ്രാദേശിക കൂട്ടായ്‌മകളൊരുക്കിയാണ്‌ വിത്തിടുക. കേരളപ്പിറവി ദിനത്തിൽ ഏറ്റവും ചുരുങ്ങിയത്‌ ഒരു പ്രദേശത്തെങ്കിലും കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ കൃഷി ഇറക്കും. തരിശുഭൂമി കണ്ടെത്തി ഉടമകളുമായി ധാരണയുണ്ടാക്കി പാട്ടരീതിയിലാവും കൃഷി. തദ്ദേശ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്‌ എന്നിവയുടെ സഹകരണവും ഉറപ്പാക്കും. നവകേരള കാഴ്‌ചപ്പാടിൻറെ ഭാഗമായാണ്‌ ഈ മാതൃകാ സംരംഭം.
നേരത്തെ കർഷക സംഘം നേതൃത്വത്തിൽ കുറ്റ്യാടി കനാൽ നവീകരണവും പ്രാദേശികമായി തരിശുഭൂമിയിൽ കൃഷിയിറക്കലും നടത്തിയിരുന്നു. ജില്ലാ തലത്തിൽ വലിയ ക്യാമ്പയിൻ നടത്തുന്നത്‌ ആദ്യമായാണ്‌. നവംബർ ഒന്നിന്‌ മുതലക്കുളം മൈതാനിയിൽ ചേരുന്ന കർഷക കൂട്ടായ്‌മയിൽ പ്രതിജ്ഞയോടെ ക്യാമ്പയിന്‌ തുടക്കമാവും. 2032 ഏക്കർ തരിശ്‌ ഭൂമി ജില്ലയിൽ നഗര– ഗ്രാമീണ ഭാഗങ്ങളിലായി 2032.61 ഏക്കർ ഭൂമി തരിശിട്ടിരിക്കുകയാണ്‌. 853.05 ഏക്കർ കരഭൂമിയും 1179.56 ഏക്കർ തണ്ണീർത്തടവുമുൾപ്പെടെയാണിത്‌.
ഏറ്റവും കൂടുതൽ തരിശുഭൂമി കാക്കൂർ ബ്ലോക്കിലാണ്‌ – 390 ഏക്കർ. കുന്നമംഗലം (314), തിക്കോടി (286), കൊയിലാണ്ടി (190) എന്നീ ബ്ലോക്കുകളാണ്‌ പിന്നാലെ. സ്വാഗത സംഘ രൂപീകരണ യോഗം 18ന്‌ പദ്ധതി സംഘാടക സമിതി രൂപീകരണ യോഗം18ന്‌. വൈകിട്ട്‌ അഞ്ചിന്‌ കർഷക സംഘം ജില്ലാ കമ്മിറ്റി ഓഫീസിലാണ്‌ യോഗം.

 

 

Share news