പാലക്കാട് മുതലമടയിൽ ഫാം സ്റ്റേ ഉടമയുടെ ക്രൂരത; ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചു

പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ ആറ് ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചെന്ന് പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ എന്ന വനവാസി യുവാവിനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാം സ്റ്റേയിലെ ഉടമയാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുതലമട ഊർക്കുളം വനമേഖലയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. ഏതാനും ദിവസങ്ങൾക്കു മുൻപ് തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ എന്ന ആദിവാസി യുവാവ്. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിൽ നിന്ന് ഇദ്ദേഹം മദ്യം എടുത്തു കുടിച്ചു.

ഇതോടെ ഫാംസ്റ്റേയിലെ ഉടമ വെള്ളയനെ മർദ്ദിക്കുകയും ഇരുട്ടു മുറിയിൽ പൂട്ടിയിട്ട് ആറ് ദിവസത്തോളം പട്ടിണിക്കിട്ടു എന്നുമാണ് പരാതി. ഇന്നലെ രാത്രി നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

