‘പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകും’; പേരാമ്പ്രയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിക്ക് വധഭീഷണി
.
കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിക്ക് വധഭീഷണി. ചെറുവണ്ണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന നന്ദനെ ബൈക്കിലെത്തിയ രണ്ടു പേരാണ് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകുമെന്നാണ് ഭീഷണി. നന്ദൻ്റെ പരാതിയിൽ മേപ്പയൂർ പൊലീസ് അന്വേഷണം തുടങ്ങി.

കോൺഗ്രസിൻ്റെ കുടുംബാധിപത്യത്തിൽ പ്രതിഷേധിച്ചാണ് നന്ദൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. വിവരമറിഞ്ഞ് കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് റോഡിൽ തടഞ്ഞു നിർത്തി സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകുമെന്ന് ഭീഷണിപ്പെടുത്തിയത്.

കെ പി അരവിന്ദാക്ഷനാണ് ഇവിടെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി. മുമ്പ് ഇദ്ദേഹത്തിൻ്റെ സഹോദരിയും പിന്നീട് ഭാര്യയും സ്ഥാനാർത്ഥി
കളായിരുന്നു. കഴിഞ്ഞ തവണ വാർഡ് പട്ടികജാതി സംവരണമായതു കൊണ്ടാണ് ഇവരുടെ കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥിയില്ലാതെ പോയതെന്നും നന്ദൻ പറയുന്നു. കുടുംബാധിപത്യത്തിൽ പ്രതിഷേധിച്ച് നിരവധി കോൺസുകാർ അമർഷത്തിലാണ്. ഇതിൻ്റെ പ്രതിഫലനമാണ് പ്രദേശത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ആപ്പാം കുഴി കുഞ്ഞിരാമൻ്റെ മകൻ നന്ദൻ വിമതനായി മത്സരിക്കാൻ തയ്യാറായത്. വധഭീഷണി സംബന്ധിച്ച് നന്ദൻ മേപ്പയൂർ പൊലീസിൽ പരാതി നൽകി. ഭീഷണികൊണ്ടൊന്നും മത്സരത്തിൽ നിന്നും പിന്മാറില്ലെന്ന് നന്ദൻ വ്യക്തമാക്കി.




