മുക്കുപണ്ടം വെച്ച് കോടികൾ തട്ടി: പ്രതി അറസ്റ്റിൽ; ഇനി തെളിവെടുപ്പ്

വടകര: പണയസ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് കോടികൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിലായതോടെ പൊലീസ് ഇനി തെളിവെടുപ്പിലേക്ക്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷം പൊലീസ് മറ്റു നടപടികളിലേക്ക് കടക്കും. കർണാടകം– തെലങ്കാന അതിർത്തിയായ വിതരയിൽവെച്ചാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ മധാ ജയകുമാറിനെ കർണാടകം പൊലീസ് പിടികൂടിയത്.

വടകര പൊലീസ് തെലങ്കാനയിലെത്തി പ്രതിയെ തിങ്കളാഴ്ത വൈകിട്ടോടെ വടകരയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നിലവിലെ ബാങ്ക് മാനേജർ വി ഇർഷാദാണ് പൊലീസിൽ പരാതി നൽകിയത്. ജില്ലാ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ബാങ്കിലെത്തി രജിസ്റ്ററുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവം പുറത്തായതോടെ തട്ടിപ്പിന് പിന്നിൽ സോണൽ മാനേജരാണെന്ന ഓഡിയോ ക്ലിപ്പുമായി മധാ ജയകുമാർ രംഗത്തെത്തിയിരുന്നു. സ്വകാര്യ ധനകാര്യസ്ഥാപനമായ ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് ആണ് സ്വർണം പണയംവെച്ചതെന്നും സോണൽ മാനേജരുടെ നിർദേശപ്രകാരമാണ് കാർഷിക ലോൺ അനുവദിച്ചതെന്നുമാണ് വീഡിയോ ക്ലിപ്പിൽ പറഞ്ഞത്.

