കണ്ണൂരില്‍ വാടക വീടിനുള്ളില്‍ സ്‌ഫോടനം; ശരീര അവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം.

വീട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ വന്നുപോകുന്നതായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്ന നിലയിലാണ്. വീടിന്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു. ഓടിട്ട വീടാണ്. ബോംബ് പോലുള്ള വലിയ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും അതാണ് വീട് ഇങ്ങനെ തകര്‍ന്നതെന്നും നാട്ടുകാര്‍ പറയുന്നു. വീടിന്റെ പരിസരത്തുനിന്ന് ചില പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും സൂചനയുണ്ട്.

